പാലാ: സാങ്കേതിക വിദ്യാഭ്യാസം അതിന്റെ പൂര്‍ണതയിലെത്തുന്നത് അതു സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങള്‍ക്കു പരിഹാരമാകുമ്പോഴാണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് ജോസഫ്സ് കോളജിലെ ഐഡിയ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്. പ്രായോഗിക നവീകരണത്തിന്റെ ഹബ്ബായി മാറാനുള്ള കോളജിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും ബിഷപ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കോളജ് ചെയര്മാന് മോണ്‍. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. എന്‍ജിനിയറിംഗ് വിദ്യാഭ്യാസത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവരുന്നതിനായുള്ള ഓള് ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്റെ നയത്തിന്റെ ഭാഗമായുള്ളതാണ് ഈ ഐഡിയ ലാബ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗകര്യങ്ങളോടെയാണ് ഐഡിയ ലാബ് വിഭാവനം ചെയ്തിരിക്കുന്നത്. 5,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലാബില്‍ ത്രീഡി പ്രിന്റിംഗ്, റോബോട്ടിക്സ്, ഐഒടി, എഐ തുടങ്ങിയ മേഖലകളിലെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഐഡിയ ലാബ് മറ്റു കോളജുകളിലെയും സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൂര്‍വ വിദ്യാര്‍ഥികള്‍ക്കും സംരംഭകര്‍ക്കും ഉപയോഗപ്പെടുത്താം. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഓപ്പണ്‍ ഡേ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.
കോളജ് ഡയറക്ടര്‍ റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സീനിയര്‍ മാനേജര്‍ അശോക് കുര്യന് പഞ്ഞിക്കാരന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിഎം വി.എന്‍. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ.ജോസഫ് പുരയിടത്തില്‍, ബര്‍സാര്‍ റവ. ഡോ. ജോര്‍ജ് കാരാംവേലില്‍, ഐഡിയ ലാബ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. രാജേഷ് ബേബി, കോ-ഓര്‍ഡിനേറ്റര്‍ സര്‍ജു എസ്. എന്നിവര്‍ നേതൃത്വം നല്കി.